Wednesday, April 27, 2011
വെളുത്തുള്ളി തിന്നുന്ന നവവധു..!!!
മണിയറയിലേക്കുള്ള അവളുടെവരവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നേരം അതിക്രമിച്ചു, ബന്ധുരകാഞ്ചന കൂടുപോലെ സുന്ദരവും സുഗന്ധപൂരിതവുമാണ് മണിയറയെങ്കിലും ഈ ഏകാന്തത വല്ലാതെ അലോരസപ്പെടുത്തുന്നു, ഇനിയുമെത്രനേരം കാത്തിരിക്കണം പാല്‍പാത്രവുമായി നമ്രശിരസ്കയായി അശ്വതിയുടെ വരവിനായ്. ഒരുപാടുപ്രതീക്ഷകളുമായി മലര്‍മെത്തയിലിരിക്കുമ്പോള്‍ അകാരണമായൊരു ടെന്‍ഷന്‍. ഹൃദയതാളത്തിന്റെ ഗതിയല്പം ഉയര്‍ന്നോ എന്നൊരുതോന്നല്. വാനോളംപ്രതീക്ഷകളുമായി ആരും മണിയറയിലിരിക്കരുതെന്നു മനശാസ്ത്രഞ്ഞര്‍ പറയുന്നതുവെറുതെയല്ല, ഇരുന്നാല്‍ ബി. പി. കൂടും. എങ്ങനെതുടങ്ങണം...., ഇത് കൂട്ടുകാരുമായി ഡിസ്ക്കസ് ചെയ്തിട്ടും പൂര്‍ത്തികരിക്കാന്‍ കഴിയാത്ത ഒരു സമസ്യയായി ഇപ്പോഴും മനസ്സില്‍. ക്ലോക്കിലെ സൂചി കറങ്ങുന്നുണ്ടോ ആവോ..
പ്രതീക്ഷിച്ചതുപോലെ വലതുകാല്‍വച്ചുതന്നെയാണ് അശ്വതി മണിയറയിലേക്കുവന്നത്, ദൈവമേ തുടക്കം നന്നായി എന്നുമനസിലോര്‍ത്തു നമ്രശിരസ്കയായിരുന്നില്ലയെങ്കിലും അവള് സുന്ദരമായൊരു ചെറുപുഞ്ചിരിയണിഞ്ഞിരുന്നു. പാല്‍പാത്രത്തിന്റെ തനതുകലകള്‍ അരങ്ങേറിയതിനുശേഷം അവള് മെത്തയിലിരുന്നു. പുതുജീവിതത്തില്‍ പറയാന്‍കരുതിവച്ച കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പാതിവിടര്‍ന്ന മുല്ലമൊട്ടിന്റെ സൌകുമാര്യത്തോടെ ആ മണിയറയില്‍ വിതറി. ദൈവമേ ഇത്രയും വിജയിച്ചു ഇനിയങ്ങോട്ടും ഈ ഹാര്‍മണി ജീവിതം മുഴുവനുമുണ്ടാവണെയെന്നു മനസ്സിലോര്‍ത്തു. റോസാപ്പൂനിറമുള്ള അവളുടെ കൈകള്‍തലോടി ചാരെയണിഞ്ഞപ്പോള്‍ മുല്ലപ്പൂവിന്റെയും ഡിഓഡറിന്റെയും സുഗന്ധത്തോടൊപ്പം ഒരു വെളുത്തുള്ളിമണം. അശ്വതിക്കനുഭവപ്പെടുന്നുണ്ടോ എന്നു ചോദിച്ചപ്പോളാണ് അറിഞ്ഞത്, റിസപ്ഷന് ശേഷം അശ്വതിയുടെ സ്റ്റോമക്ക് അപ്പ്സറ്റ് ആയതും പിന്നെ വീട്ടില്‍ അമ്മയോടു വിളിച്ചുചോദിച്ചിട്ടു രണ്ടു വെളുത്തുള്ളിയല്ലി കഴിച്ചതും പറയുന്നത്. അങ്ങനെ വെളുത്തുള്ളി ചേര്‍ത്തൊരു മസ്സാലരാത്രിയായി എന്റെ ആദ്യരാത്രി.
വിവാഹത്തിന്റെ മൂന്നാംനാളും വെളുത്തുള്ളി മിക്സ്ചെയ്ത രാത്രിയില്‍ അവള് എന്നൊടുപറഞ്ഞു, വെളുത്തുള്ളി കഴിക്കുന്നത് അവളുടെ ശീലമാണെന്ന്. അവളുടെ മുത്തച്ഛനും ഈ ശീലമുണ്ടായിരുന്നുമെന്നുമവള്‍ വെളിപ്പെടുത്തി. ജെര്‍മ്മനിപോലുള്ള വിദേശരാജ്യങ്ങളില്‍ ഗാര്‍ലിക് ഈറ്റെഴ്സ് ധാരാളമുണ്ട് എന്നുകേട്ടിടുണ്ട് എന്നാല്‍ ഇതുപോലൊരാള്‍ വെളുത്തുള്ളി ശീലമാക്കി എന്റെ ജീവിതത്തിലേക്കു കടന്നുവരുമെന്നു എന്റെ ഒരു സ്വപ്നത്തില്‍പോലും കരുതിയില്ല. അരോചകമായ വെളുത്തുള്ളിഗന്ധം എന്റെ മധുവിധുവില്‍ കല്ലുകടിയായി. ഭാര്യയുടെ വെളുത്തുള്ളിതീറ്റ ഒരു വിവാഹമോചനത്തിനു കാരണമാക്കാമോ, അഥവാ അങ്ങനെ ആഗ്രഹിച്ചാല്‍തന്നെ ഏതു കോടതി ഇത് അംഗീകരിക്കും. ഇന്ത്യയില്‍ ഇതിനുള്ള നിയമം അനുവദിക്കുന്നുണ്ടോ, അതിനു അംബേദ്ക്കറുടെ ഭാര്യ വെളുത്തുള്ളി കഴിക്കുമായിരുന്നില്ലല്ലോ. അസാദ്യമായാത് ഒന്നുമില്ല എന്നു പറയുന്നതുപോലെ, അശ്വതിയെ മാറ്റിയെടുക്കാമെന്ന ചിന്തയില്‍ ഞാന്‍ ഉറങ്ങിപോയി..
മാസങ്ങള്‍ ഒരു മൂളിപ്പാട്ടുമായി കടന്നുപോയി. മധുവിധുവിന്റെ പുതുമോടിക്ക് നിറംമങ്ങി അശ്വതിയുടെ ദിനചര്യകണ്ടിട്ടു ഏതു കാലാവസ്ഥയിലും വളരുന്ന സസ്യമാണ് വെളുത്തുള്ളിയെന്നു തോന്നി. ഏതൊരാളുടെ ജീവിതത്തിലും ഏറ്റവും സന്തോഷിക്കുന്ന മുഹൂര്‍ത്തം എനിക്കും വന്നണഞ്ഞു. അങ്ങനെഞാനും ഒരു അച്ഛനാവാന്‍ പോകുന്നു. സന്തോഷത്തിരമാലകള്‍ ആര്‍ത്തലച്ചു. ഞങ്ങളുടെ ജീവിതത്തിനു പുതിയ വെളിച്ചവുമായി ഒരു കുഞ്ഞുനക്ഷത്രം എന്റെ വീട്ടിലും തെളിയും, അതിനു എന്റെയും അശ്വതിയുടെയും പ്രകാശമായിരിക്കുമെന്ന തോന്നല്‍. റിസള്‍ട്ട് പോസിറ്റീവാണെന്നു ഡോക്ടര്‍ പറഞ്ഞതിനുശേഷം ഇടക്കെപ്പോഴോ അവളുടെ മുഖത്തിന് നിറംമങ്ങുന്നത് ഞാന്‍ ദിവസങ്ങള്‍ക്കകം തൊട്ടറിഞ്ഞു. വെളുത്തുള്ളിശീലംകൊണ്ട് കുഞ്ഞിനു എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്ന അവളുടെ അകാരണമായ ആശങ്കയാണെന്നറിഞ്ഞപ്പോള്‍ അവളോട് സഹതാപംതോന്നി. നിത്യജീവിതത്തില്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മള് പലപ്പോഴും വെളുത്തുള്ളി കഴിക്കാറുണ്ട് എന്നുഞാന്‍ അവളെ സമാശ്വസിപ്പിച്ചു. ഇനിയും സംശയനിവാരണത്തിനായി ഡോക്ടറെ വീണ്ടുംകാണാം എന്നു തീരുമാനിച്ചു.
ഡോക്ടറോടവള്‍ക്ക് ഒറ്റയ്ക്ക് സംസാരിക്കണം എന്നുപറഞ്ഞപ്പോള്‍ എനിക്കവളോട് അനുകമ്പയായിരുന്നു, പാവം ഒരുപാടു കണ്‍സേണ്‍ ആണ് കുട്ടിയെ കുറിച്ച്. അതിന്റെ ആരോഗ്യത്തെകുറിച്ച്. വെളുത്തുള്ളിതീറ്റയില്‍ അവള് ഇപ്പോള്‍ സഹതപിക്കുന്നുണ്ടാവും. ഒരുപക്ഷേ അവള്‍ക്കു നല്ല തീരുമാനമെടുക്കാന്‍ ഇതൊരു നിമിത്തമാവാം. ഡോക്ടര്‍ കുറിച്ചുകൊടുത്ത കുറിപ്പുമായി പുറത്തുവന്ന അവളെ ബെഞ്ചിലിരുത്തി ഞാന്‍ മെഡിക്കല്‍ഷോപ്പിലെത്തി. കുറിപ്പുവാങ്ങി പരിചയക്കാരന് ജേക്കബ് ചോദിച്ചു ആര്‍ക്കുവേണ്ടിയാണിതെന്നു. വൈഫിനു വേണ്ടിയാണെന്നു പറഞ്ഞപ്പോള്‍, ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, ഇത് ഡീ അഡിക്ഷനുള്ള മെഡിസിനാണ്, വൈഫ് പുകവലിക്കുമോ. എവിടെയോ ഒരു ട്രെയിന്‍ ചൂളംവിളിച്ചുപോയതുപോലെ തോന്നി. എങ്ങും മൂടിയ പുകച്ചുരുള്‍പോലെ. അന്ന് അശ്വതി കുമ്പസാരിച്ചു. ചെറുപ്പത്തിലെതൊട്ടേ അവള് മുത്തച്ഛന്റെ ബീഡിവലിച്ചു ശീലിച്ചുപോയി, മുതിര്‍ന്നപ്പോളുമതു തുടര്‍ന്നു. അന്ന് മണിയറയില്‍ വലതുകാല്‍വച്ചു കടന്നുവന്നപ്പോള്‍ ടെന്‍ഷനകറ്റാന്‍ അവളൊന്നു പുകച്ചിരുന്നു...
Monday, April 25, 2011
കിടിലന്‍ കമ്പിതപാല്‍
TO: KUMAR..,
KOCHI TO BOMBAY, 12-06-2005
Message:
****SUOIXNA YLPER ON YHW : HCA****
സ്വീകരിച്ചു ഞാന്‍ വിറയാര്‍ന്നകരങ്ങളാലാകമ്പി
സാകൂതം കണ്ണോടിച്ചു തുടിക്കുന്നഹൃദയത്താല്‍
വരുന്നതാദ്യമായൊരു തപാല്‍കമ്പിയെനിക്കായ്
തിരിച്ചുകരങ്ങളില്‍ ഒന്നുമേതിരിയാതെ വിയര്‍ത്തു
മുംബൈയുടെ നടുവിലെ ദൂര്‍സഞ്ചാര്‍ കാര്യാലയത്തിന്റെ
പടികളിലൊരുകൈയും മറുകൈയില്‍ ദൂതുമായ് നിന്നുഞാന്‍
പരിഭ്രമം പുതപ്പിച്ച മുഖവുമായ് നോക്കി ഞാനാ
മറാഠിയെ "ഹമാര ഗല്‍ത്തി നഹി" പുലമ്പിതിരിഞ്ഞയാള്‍
കമ്പിയയച്ചതാരെന്നറിയില്ല അര്‍ഥവുമറിയില്ല
കരളിന്റെതുടിപ്പിനാല്‍ ദാഹിച്ചു തണ്ണിരിനായ്, നടന്നു
മുന്നോട്ടുഞാന്‍ നിറയുന്നമിഴിയോടെ, ആപത്തിന്
അറിയിപ്പാണോയികമ്പി, ചിന്തകള്‍ നെരിപ്പോടായി
മാട്ടുംഗയുടെവഴിയരികില്‍ കൊച്ചുഗുരുവായൂര്‍നടയിലായ്
പായുന്നോരു അപരനോടനുവാദം ചോദിച്ചിട്ടാരാഞ്ഞു
അറിയുമോ, ഈ കമ്പിയില്‍ ലിഖിതങ്ങള്‍, തുറിക്കുന്ന
മിഴികളാല്‍ പിറുത്തു തമിഴിലായ് "ഒന്നുമേ തെരിയാത്"
ദാഹിച്ചു തളര്‍ന്നു ഞാന്‍ കണ്ടു വഴിയിലൊരാശ്രയം
ഏകനായ്, മൂകനായ് ഇരുന്നു ഒഴിഞ്ഞൊരാദേവാലയത്തില്‍
നിമിത്തമായ് വന്നൊരാ പാതിരി ദൂതനായ്, കണ്ടുഞ്ഞാന്‍
നീട്ടിയകൈയിലെ കമ്പിയില്‍ താപസന് പുഞ്ചിരിതൂകിനാല്‍
മോഹിക്കുന്നാരോ നിന്നെ, വിരഹത്തിന് വിങ്ങലാവാം
വേപഥു ചുരത്തിയ പ്രണയത്തിന് കുറിമാനമായിടാം
WHY NO REPLY ANXIOUS : ACH,മൊഴിഞ്ഞതാപുരോഹിതന്‍
ആരോരുമറിയാത്ത രഹസ്യത്തിന് കമ്പനം കമ്പിയായ്.
അച്ചുവേ, എന്‍ അശ്വതി, നല്‍കിനീ പ്രണയത്തിന്
തീമഴ ഓര്‍ക്കുമ്പോള്‍ കുളിരായി സുഗന്ധത്തിന് മലര്‍മഴ
മഞ്ഞണികൊമ്പിന്റെതുഞ്ചത്തു വിരഹത്തിന് നാരുകളിണക്കിയോ
-രാകൂട്ടില്‍ പറന്നെത്താന്‍ മോഹിച്ചു ഹൃദയത്തിലാ കമ്പി
Friday, April 22, 2011
ഉമ്മയുടെ മിസ്സ്കാളും, എസ്. ഐ. ഭാസുരന്പിള്ളയും

ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
___"ഹല്ലോ...."
ഹലോ സര്
__"ഹലോ ആരാടാ.."
സര് അതു എന്റെ മൊബൈല്‍ ആണ്...
__"നീ ആരാടാ..."
സര് ഞാന്‍ റിയാസ് ആണ്. അതു എന്റെ മൊബൈല്‍ ആണ്, ബൈക്കിലെ ബാഗില്‍ വച്ചു മറന്നത..
__" ഞാന്‍ എസ്. ഐ. ഭാസുരപിള്ള, നിന്റെ മൊബൈല്‍ ഫോണ്‍, എന്റെ ടേബിള്‍ മുകളില്‍ എങ്ങനെവന്നു. നിനക്കെന്താ പണി.."
സര് ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കുകയാണ്, അതു, സര്...എന്റെ ബൈക്കിന്റെ താക്കോലും അവിടെയുണ്ട്.
__"നീയെന്താ മൊബൈലും, താക്കോലും പോലിസ് സ്റ്റേഷനില്‍ ആണോ സൂക്ഷിക്കുന്നത്. സത്യം പറാ, ഇത് എങ്ങനെ ഇവിടെവന്നു"
__അതു സര്, ഇന്നു നാലുമണിക്ക്, പാലാരിവട്ടത്തുവച്ചു ഞങ്ങളെ പോലിസ് പിടിച്ചു. ഞങ്ങള്‍ ബൈക്കില്‍ മൂന്നുപേരുണ്ടായിരുന്നു, ലൈസന്‍സ് എടുത്തിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്. ഐ. സര്, ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബൈക്കിന്റെ പോക്കറ്റില്‍ ആയിപ്പോയി എന്റെ മൊബൈല്‍ ഫോണ്‍. ഇവിടെ നോക്കിയിട്ട് കണ്ടില്ല അതാ എന്റെ നമ്പറില്‍ വിളിച്ചത്....
__"അതുശരി, ഞാന്‍ നൈറ്റ് ഷിഫ്റ്റ് വന്നതാ, മറ്റേ എസ് ഐ വീട്ടില്‍ പോയി, മൂന്ന് പേരുമായി സര് എങ്ങോട്ടാണവോ സിറ്റിയിലൂടെ സര്ക്കീട്ടടിച്ചത്. നീ ആള് കൊള്ളാമല്ലോ"
സര്, അതുപിന്നെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ മാമയെ കാണാന്‍ പോകുവായിരുന്നു, ആള് ഐ സീ യുവില്‍ ആയിരുന്നു കുറച്ചു ബ്ലഡ് കൊടുക്കാന്‍ വേണ്ടി പോയതാ, ഇനി ആവര്‍ത്തിക്കില്ല സര്.
__" നീ കള്ളു കുടിച്ചിരുന്നോടാ,"
ഇല്ല സര്, ഞാന്‍ കള്ളുകുടിക്കില്ല, സിഗരറ്റും വലിക്കില്ല....
__"പിന്നെ നിനക്ക് എന്താ അറിയാവുന്നെ, നീ ബൈക്ക് മോഷ്ടിച്ചതല്ലേടാ .."
ഇല്ല സര് സത്യമായും അല്ലാ. അതു എന്റെ സ്വന്തം ബൈക്കാണ്, പേപ്പര്‍ ഒന്നും അപ്പോള്‍ എടുത്തിരുന്നില്ല അതാ സര്, ഇനി ആവര്‍ത്തിക്കില്ല സര്...
__" ഓക്കേ, നീയൊരു പണിചെയ്യ്, നാളെ ലൈസന്‍സും, മറ്റു പേപ്പറുംകൊണ്ട്, സ്റ്റേഷനില്‍ വരണം, ഫൈന്‍ അടച്ചു ബൈക്കും മൊബൈലും കൊണ്ടുപൊക്കോ, രാവിലെ ഒന്പതരക്ക് മുന്‍പ് വരണം, ഇല്ലങ്കില്‍ ഞാന്‍ ഷിഫ്റ്റ് മാറും

ഭാസുരന്‍ സര്, അകത്തേക്ക് വന്നോട്ടെ...
__" ഹും, എന്താ കാര്യം.."
ഞാന്‍ റിയാസ്, ബൈക്കും മൊബൈലും എടുക്കാന്‍ വന്നതാ..
__" അതുശരി, അപ്പൊ നീയാണ്, കക്ഷി. അപ്പുറത്ത് റൈറ്റര്‍ ഉണ്ട്, അവിടെ പറഞ്ഞു ഫൈന്‍ അടച്ചിട്ടു താക്കോല്‍ എടുത്തോളു, ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്. പിന്നെ നിന്റെ ഉമ്മ അമേരിക്കയിലാണോ"
ഇല്ല സര്, ഉമ്മ എന്റെ വീട്ടില്‍ തന്നെയുണ്ട്.
__"നിനക്ക് എത്ര ഉമ്മയുണ്ട്. ഇന്നലെ നീ വീട്ടില്‍ ഉണ്ടായിരുന്നില്ലേ."
ഇന്നലെ ഞാന്‍ ഉമ്മയുടെ അടുത്തുതന്നെയുണ്ടായിരുന്നു. എന്താ സര്, വേറെ ഒരു കുഴപ്പവും ഞാന്‍ കാണിച്ചിട്ടില്ല സര്.
__"ഇന്നലെ നിന്റെ മൊബൈലില്‍ നാല്പത്തി രണ്ടു മിസ്സ്കാള്വന്നു ഉമ്മയുടെ, നീ ഉമ്മയുടെ അടുത്തുണ്ടായിരുന്നു എങ്കില്‍ പിന്നെ രാത്രിമുഴുവന്‍ നിന്നെവിളിച്ച ഉമ്മ ആരാടാ, രാത്രിമുഴുവന്‍ ഉറക്കമില്ലാതെ മിസ്സ്കാള്ചെയ്യാന് ഉമ്മ എന്നപേരില്‍ മൊബൈലില്‍ സേവ് ചെയ്തിരിക്കുന്നനമ്പര് ആരുടെതാടാ...."
.............ഹോ, പടച്ചോനെ...ഇത് ഇപ്പൊ ഇയാളോട് എന്തുപറയും, റസിയയുടെ നമ്പര്‍ "ഉമ്മ" എന്ന പേരില്‍ സേവ് ചെയ്തിട്ട് അവളോട് പറഞ്ഞത്, അവളുടെ ഓരോ മിസ്സ് കാളും എനിക്ക് ഹൃദയത്തിലേക്കുള്ള ചുംബനം പോലെയാണെന്നും, എന്നെ മനസ്സില്‍ ഓര്‍മ്മിക്കുമ്പോളെല്ലാം ഓരോ മിസ്സ് കാള്തരണമെന്നു പറഞ്ഞതും.........
ഒരു നമ്പര്‍ ഇറക്കിനോക്കാം, സര്...അതു...അതു...ഉമ്മുക്കൊല്സു, ഷോര്‍ട്ട് ഫോം ആയി "ഉമ്മ" എന്നിട്ടതാ, എന്റെ കോളേജില്‍ പഠിക്കുന്നതാ, ഞാന്‍ പൊക്കോട്ടെ സര്..
__"ശരി..ശരി..അവളോട് പറഞ്ഞേക്ക്, ഉറക്കം കഴിഞ്ഞു ബാക്കി സമയത്ത് മിസ്സ് കാള്‍ അടിക്കാന്‍.."
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
ടിടിടിം...ഠിം......ടിടിടിം...ഠിം.....ടിടിടിം...ഠിം....ടിം
__"ദേ..പിന്നേം മിസ്സ് കാള്‍...ഉമ്മയുടെ തന്നെ, പോലിസ് സ്റ്റേഷനിലാണ് അവന്റെയൊരു ഉമ്മ"
Tuesday, April 19, 2011
..കുപ്പിവളക്കാരി നീയൊരു തങ്കവളക്കാരി..

അമ്മതന്‍ കൈകളില്‍ താലോലം പൈതലായ്
ചാഞ്ചാടിക്കളിക്കുമ്പോള്‍ കരിമിഴി കണ്ണിലും
അമ്മിഞ്ഞയിറ്റിച്ച ചുണ്ടിലും പുഞ്ചിരിപകര്‍ന്നു
നീയെന്‍ പെരുവിരല്‍ തൊട്ടുകിലുക്കി കരിവള
പുത്തനുടുപ്പിലടര്‍ത്തിയമിഴിനീരും കളികോപ്പുമായ്
സരസ്വതിക്ഷേത്രത്തിലാദ്യമായ് വന്നപ്പൊളരയാലിന്‍
പഴുത്തിലപെറുക്കിനിന്‍ പുസ്തകതാളില്‍തിരുകിയ
നേരത്തു നിന്‍ചുണ്ടില്‍പുഞ്ചിരി നിന്‍കയ്യില്‍ തരിവള
കളിപന്തുവാങ്ങുവാന്‍ സ്വരൂപിച്ച കാശുമായ്
കളിപാട്ടക്കാരനായ് തര്‍ക്കിക്കുംനേരത്തു വന്നു നീ
തിളങ്ങുന്നകണ്ണുമായ് കടയിലെ വളകളില്‍
തൊട്ടപ്പൊ ഞാന്‍വാങ്ങിയണിയിച്ചു ചുവന്നവള
ധാവണിചുറ്റി നീയാദ്യമായ് കാവിന്റെപടികളില്‍
വന്നപ്പോള്‍, കല്‍ത്തിരികൊളുത്തിഞ്ഞാന്‍ കണ്ടുനിന്‍
കണ്‍കളില്‍ പ്രണയത്തിന്‍പരിഭവം തൊടുവിച്ചക്കുറിയുടെ
നനവിന്റെകൂളിര്‍മ്മയില്‍ വിറകൊണ്ടകൈകളില്‍ കുപ്പിവള
മധുരമാംപ്രണയത്തില്‍ തിരതല്ലുംമനസ്സുമായ് കത്തുന്ന
വിളക്കിന്റെയരികത്തെരുമിച്ചിരുന്നപ്പോള്‍ നുറുങ്ങിയ
വളപ്പൊട്ടിന്‍ശകലങ്ങള്‍ വിളക്കിയ നിറമാലയണിയിച്ചു
കവിളത്തു മുത്തിയനേരത്തു കിലുക്കി നീ ചില്ലുവള
ചൊരിയുന്ന മഴയത്തു തൈമാവിന്‍ ചാരത്തു
നനവാര്‍ന്നു വന്നുനീ വിറയാര്‍ന്ന സ്വരമോടെ
മംഗലം പറഞ്ഞു നീ വിടചൊല്ലി മറയുമ്പോള്‍
കൂപ്പിയ കൈകളില്‍ മങ്ങിയനിറമുള്ള മഞ്ഞവള
രഘുവരന്‍കൈകളില്‍കൈവച്ചു പരിയാരംചൊല്ലി
പിരിയുന്നനേരത്തു വിതുമ്പുന്നചുണ്ടിലും ചെറുചിരി
യണിയിച്ചു എരിയുന്നഹൃദയമായ് മൂകമായ്നിലകൊണ്ട
ഞാന്‍കാണ്‍കെ വീശിയകൈകളില്‍ മിന്നിയതടവള തങ്കവള
Sunday, April 17, 2011
പൊന്നമ്മയുടെ ബിയര്‍കുടി, പിന്നെ ഉണ്ണിയാര്‍ച്ച..!
പൊന്നു, വയസു 5, L.K.G സ്റ്റുഡന്റ്
പൊന്നുവിന്റെ അമ്മയുടെ അന്നത്തെ ചിന്താവിഷയം, എന്തുകൊണ്ടു ചെറിയകുട്ടികള്ക്കു് “നല്ലവെള്ളം'' കഴിച്ചുകൂടാ എന്നചോദ്യത്തിനു സ്കൂള്‍ ഡയറിയില്‍ ഉത്തരമെന്തെഴുതും എന്നതാണ്. അമ്മമനസ്സു തേങ്ങി...!
വെള്ളിയാഴ്ച്ച സ്കൂളില്‍ നിന്നും തിരിച്ചെത്തിയ പൊന്നുവിനോടു ചോദിച്ചു, എന്തിനാണ് ടീച്ചര്‍ ഇതു ഡയറിയില്‍ എഴുതിയതെന്നു.
വാട്ടര്‍ബോട്ടിലിലെ വെള്ളം മറിഞ്ഞുപോയതിനാല്, ആയചേച്ചി നിറമുള്ള കുപ്പിയില്‍ വെള്ളംകൊടുത്തു, പൊന്നു പറഞ്ഞു അതു “നല്ലവെള്ളം” ആണ് എങ്കില്‍ കുട്ടികള്‍ക്ക് കുടിക്കാന്‍ പാടില്ല.അതിനാല്‍ പൊന്നു കുടിച്ചില്ല, ആയചേച്ചി അതു ടീച്ചറിനോടുപറയുകയും അങ്ങനെയതു സ്കൂള്‍ ഡയറിയില്‍ പടമായി, "എന്തുകൊണ്ട് കുട്ടികള്‍ക്ക് നല്ലവെള്ളം കുടിച്ചുകൂടാ ?"
തിങ്കളാഴ്ച നല്ലദിവസം സ്കൂള്‍ തുറക്കുമ്പോള്‍ ഒരുത്തരം ടിഫിനൊപ്പം റെഡിവേണം അതായിരുന്നു ആ കുടുംബത്തിന്റെ ആഭ്യന്തരകാര്യം.
ഞാന്‍ ദേവധൂതനായി, പുഷ്പംപോലെ ഡയറിയില്‍ എഴുതി. "ടീച്ചര്‍ : പൊന്നു തന്നെ പറയും"
പൊന്നുവിന്റെ ചോദ്യം ഇതാണ്, ഓര്‍മ്മവച്ചനാള്‍മുതല്‍ കാണുന്നു, മുത്തച്ചനും, അച്ചനും, കുറെ ചേട്ടന്മ്മാരും ഒക്കെ വട്ടംകൂടിയിരുന്നു, നിറമുള്ളകുപ്പിയിലെ വെള്ളംകുടിക്കുന്നു, എപ്പോള്‍ ചോദിച്ചാലും കൊടുക്കില്ല., ഒരുമറുപടിമാത്രം, ഇതു വലിയ ആളുകള്‍ കുടിക്കുന്ന 'നല്ലവെള്ളം” ആണ് ചെറിയകുട്ടികള്‍ കുടിക്കാന്‍ പാടില്ല. ആ പിഞ്ചുമനസ്സില്‍ അതുപന്തലിച്ചു. ഇപ്പോ ദേ ടീച്ചറിന്റെ മനസ്സില്‍ അതുപുഷ്പിച്ചു, ചെറിയ കുട്ടികള്‍ക്ക് നല്ലവെള്ളം എന്തുകൊണ്ട് കുടിച്ചുകൂടാ എന്ന് ടീച്ചര്‍ കൊടിയുമായ്
അങ്ങനെ ആ സുദിനം പൊന്നുന്റെ കടിഞ്ഞുല്‍ ‘ബീയര്‍ഡേ’ ആയി. വൈകീട്ട് അമ്പലത്തില്‍ പൊന്നുവിനു ഊണ്ണിയാര്ച്ചയായി ഡാന്‍സ് ഉണ്ടെന്നുപറഞ്ഞ്, അമ്മ വിലക്കിയെങ്കിലും അത്യധികം ഉണ്മേഷവതിയായി അവള് ഒന്നു വീശി...
ഉത്സാഹം പാമ്പായി പിന്നെയതു ഫ്ളാറ്റ്ആയി, ആറ്റുംമണമേലെ ഉണ്ണിയാര്‍ച്ച ഉശിരുള്ളവളും പോരാളിയും ആയിരുന്നു, എന്നാല്‍ പൊന്നു ഉണ്ണിയാര്‍ച്ച നമ്രമുഖിയും, മണവാട്ടിയും ആയിരുന്നു.

തിങ്കളാഴ്ച ഡയറിയിലെ വരയുത്തരത്തിനുപകരം പൊന്നു ശരിയുത്തരം പങ്കുവച്ചു, ടീച്ചര്‍, ‘ഞാന്‍ നല്ലവെള്ളം കുടിച്ചു, പിന്നെ ഊണ്ണിയാര്ച്ചയായി’. അന്നുവൈകീട്ട് പൊന്നു സ്കൂള്‍ ബസ്സിറങ്ങിയത് ചുവന്നപടം പതിപ്പിച്ച ഡയറിയുമായാണ് :
‘ഡീയര്‍ പാരന്റ്സ്, പ്ളീസ്സ് കം റ്റു സ്കൂള്‍’.
അങ്ങനെ 'നല്ലവെള്ളം” കുട്ടികള്‍ക്കു നല്ലതല്ല എന്നു ടീച്ചര്‍ മനസ്സിലാക്കി, ഇപ്പൊ ദേ നിങ്ങളും....
Friday, April 15, 2011
.....കരിമിഴിപെണ്ണാളെ.....

കരിമിഴിയഴകുള്ള കറുത്തപെണ്ണെ...
നിന്റെ കണ്മഷിതടങ്ങള് തുടിച്ചതെന്തേ
അലസമായ് മുടിയിട്ട കറുത്തപെണ്ണെ
നിന്റെ കൂന്തലില്‍ ചൂടിയപൂവുകള് വിരിഞ്ഞതല്ലേ
അഴകാര്‍ന്ന നിറമുള്ള ചേല ചുറ്റി
മുഖപടം മറച്ചു നീ ചിരിച്ചതല്ലേ
മൊഴിയാത്ത രഹസ്യത്തിന് തുടുപ്പിലല്ലേ
നിന്റെ ഹൃദയത്തിന് മിടിപ്പുകള്‍ ഉയര്‍ന്നതല്ലേ
കുളിരുള്ളരാവില്‍ ഇളം കാറ്റുവീശിയപ്പോള്‍
വഴിയോരം ചേര്‍ന്നു നടന്നതല്ലേ
നിന്റെ വീഥിയില്‍ പതിവായ്ഞാന് നിന്നതല്ലേ
ഒരുവാക്ക് പറയാതെ മറഞ്ഞതെന്തേ...
Sunday, April 10, 2011
എന്റെ ഡിജിറ്റല്‍ വിഷുക്കൈനീട്ടം സ്വീകരിക്കുമോ...

കൈയെത്തും ദൂരത്തായിരുന്നെങ്കില്‍
കൈകുമ്പിള്‍നിറയെ കണികൊന്നപ്പൂക്കളും
നാണയകൂംബാരവും നല്‍കുമായിരുന്നു.
കണ്ണെത്താദൂരത്തായതിനാല് രൂപ: 10001.
ഒപ്പം വിഷുവിന്റെ നൈര്‍മല്യത്തോടെ
സ്നേഹത്തില്ചാലിച്ച നൂറുആശംസകള്
വിഷുപുലരികള് ഇനിയുംവരും നിനക്കായ്
അതിലൊക്കെ നിന് പ്രതീക്ഷകള്‍ സഫലമായിടും,
ജീവിതയാത്രയില്‍ കണിക്കൊന്ന വിരിയിയ്ക്കും
നിന്റെ നന്മയ്ക്കായ് പ്രാര്ത്ഥിച്ചുസമര്പ്പിക്കും
സ്നേഹ പുഷ്പാഞ്ജലിയല്ലാതെ
മറ്റെന്തുനല്കും വിഷുകൈനീട്ടമായ്.

Saturday, April 9, 2011
ഇല്ലി പുട്ട് തിന്നാല്‍, നിലത്തു നില്‍ക്കില്ലത്രേ.!!!

വീണ്ടും ഒരു അവധിക്കാലം, മനസ്സിനെയും ശരീരത്തെയും മുരടിപ്പിക്കുന്ന പ്രവാസജീവിതത്തില്‍നിന്നും ചെറിയ ഒരു ഇടവേള, ഈ അവധിയിലെങ്കിലും തറവാട്ടില്‍ പോകണം, പഠനകാലത്തൊക്കെ നഗരത്തിലെ തിരക്കിട്ട ജീവിതചര്യയില്‍നിന്നും ഗ്രാമത്തിലെ തറവാട്ടുവീട്ടിലേക്കുള്ള സുഖമുള്ളയാത്രയെ കുറിച്ചുള്ള ചിന്തകളാണ് ആ ആദ്യയനവര്ഷം മുഴുവന്‍. അവിടത്തെ അരയാലും, ആംമ്പല്കുളവും, പാടങ്ങളും തോടുകളും, പശുക്കിടാങ്ങളും, നാട്ടുമാവുമൊക്കെ കുട്ടിക്കാലത്ത് ഗ്രാമത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാനഘടകങ്ങള്‍, പ്രഭാതത്തിലും, പ്രദോഷത്തിലും കളികൂട്ടുകാരോടോത്തു തൊടിയിലെ കളികള്‍ സന്ധ്യയില്‍ കത്തുന്ന നിലവിലക്കിനരുകില്‍ മുത്തശ്ശിക്കഥ കേട്ടുറക്കം ഇതൊക്കെ ശീലങ്ങളാകുംമ്പോളേക്കും ഒരു മടക്കയാത്ര. ഉറ്റ കൂട്ടുകാരന് മിഥുനെ പിരിയാനാണ് വിഷമം ഇനിയൊരു കൂടിച്ചേരല്‍ അടുത്ത അവധിക്കാലത്ത് മാത്രം. അന്ന് അവനുപകരം എനിക്ക് ശിക്ഷകിട്ടിയത് ഇന്നുംഞാന്‍ ഓര്‍ക്കുന്നു...
ഇല്ലിക്കാടിനടുത്തു കളിച്ചുകൊണ്ടിരുന്നപ്പോള്‍ മിഥുന് ആണ് കാക്കകൂട്ടിലേക്ക് കല്ലുകളെറിഞ്ഞത്, ഏറുകൊണ്ട് ഒരു കുഞ്ഞു കാക്കയുടെ ചിറകൊടിഞ്ഞു താഴെവീണു, വലിയ ശബ്ദത്തിലുള്ള അതിന്റെ കരച്ചില്‍കേട്ടു നൂറായിരം കാക്കകള്‍ പറന്നുവന്നു ഒച്ചവക്കാന്‍ തുടങ്ങി. ഒന്നിലധികം കാക്കകള്‍ ഞങ്ങളുടെ തലയിലേക്ക് റഞ്ചാന്‍ പറന്നുവന്നു, എല്ലാരും ഓടി വിട്ടിലെ വരാന്തയില്‍ എത്തി. കാക്കകളുടെ ആര്‍ത്തലക്കുന്ന ശബ്ദം കേട്ടു മുത്തശ്ശിവന്നു, കല്ലെറിഞ്ഞതിനു മുത്തശ്ശി ചെവിക്കുപിടിച്ചു തിരുമി, വേദനകൊണ്ട് ഞാന്‍ പുളഞ്ഞു, അതുകണ്ട് മിഥുനും കൂട്ടരും ഓടിപോയി. ഞാനല്ല എറിഞ്ഞത് എന്ന് പറഞ്ഞെങ്കിലും മുത്തശ്ശിയുടെ വഴക്ക്കേട്ടു കണ്ണുകള്‍ നിറഞ്ഞൊഴുകി.
സന്ദ്യാനാമം കഴിഞ്ഞപ്പോള്‍ മുത്തശ്ശിയുടെ മടിയില്‍ തലവച്ചുകിടന്നു, അപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നത് നിലവിളക്കിന്റെ വെളിച്ചത്തില്‍ മുത്തശ്ശി കണ്ടുകാണും. കാക്കകളെ ഉപദ്രവിക്കരുതെന്നും, അത് മരിച്ചുപോയ ആളുകളുടെ മോക്ഷം കിട്ടാത്ത ആത്മാക്കളാണ്, അതുകൊണ്ടാണ് ശേഷക്രിയക്ക് ശേഷം കാക്കകള്‍ക്ക് ബലിയര്‍പ്പിക്കുന്നതെന്നും അതിനാല്‍ കാക്കകളെ ദ്രോഹിച്ചാല്‍ പാപം കിട്ടുമെന്നും തലയില്‍ തലോടി മുത്തശ്ശി ഉപദേശിച്ചു. ഇല്ലിക്കാടിനടുത്തു കളിക്കരുത് അവിടെ ഇഴജന്തുക്കളൊക്കെയുണ്ടാവും എന്നൊരു നിര്‍ദേശവും തന്നു മുത്തശ്ശിയുടെ വക. എന്നെ ആശ്യസിപ്പിക്കാനാവും ഇനി ഇല്ലി പൂക്കുമ്പോള്‍ എനിക്കും ഇല്ലിപുട്ടു ചുട്ടുതാരാമെന്നുപറഞ്ഞത്.

ഇല്ലികള്‍ പൂക്കുമോ, എങ്ങനെ ഇല്ലിപുട്ടുണ്ടാക്കും എന്ന എന്റെ കൌതുകംനിറഞ്ഞ ചോദ്യത്തിന് മുത്തശ്ശി പറഞ്ഞത്, മുപ്പത്തിയഞ്ചുവര്‍ഷത്തിലൊരിക്കല്‍ ഇല്ലികള്‍ പൂക്കും, നാട് മുഴുവനും ഇല്ലികള്‍ ഒരുമിച്ചാണ് പൂക്കുന്നതത്രെ, പൂത്ത ഇല്ലിമരത്തില്‍ കതിര് കുലകള്‍പോലെ ധാരാളം ഇല്ലിമണികളുണ്ടാവും, കാണാന്‍ നല്ല ഭംഗിയാണത്രെ, അത് ഭക്ഷിക്കാന്‍ വണ്ണാത്തികിളികളും, ചൂള പ്രാവുകളും, അണ്ണാറക്കണ്ണനുമൊക്കെ വരും, സങ്കടം തോന്നിയത് എന്താണെന്നുവച്ചാല്‍ ഇല്ലികള്‍ പൂത്തതിനുശേഷം അത് ഒന്നാകെ കരിഞ്ഞുപോകും. മറ്റു സസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭലഭൂയിഷ്ടമായി കഴിഞ്ഞാല്‍ പിന്നെ മരണമാണത്രെ ഇല്ലികള്‍ക്ക്, വിളഞ്ഞ ഇല്ലിമണികള്‍ കാറ്റില്‍ താഴേക്ക് ഉതിര്‍ന്നുവീഴാന്‍ തുടങ്ങും, അപ്പോള്‍ പനമ്പും പായകളും ഇല്ലിക്കടിനുചുറ്റും വിരിക്കും, എന്നിട്ട് ഇല്ലിമരം ശക്തമായി കുലുക്കി മണികള്‍ പൊഴിച്ചെടുക്കും. കൊട്ടയില്‍ ശേഖരിച്ച ധാന്യം ഉണക്കി ഉരലിലിട്ടു കുത്തി ഉമികള്‍ കളഞ്ഞു പിന്നീടു പൊടിച്ചെടുക്കും, ഈ ഇല്ലിപോടിയും വിളഞ്ഞ തേങ്ങചിരകിയതും ചേര്‍ത്ത് ആവിയില്‍വെന്ത പുട്ട്, ചൂടോടെ കഴിക്കണം. വളരെ രുചികരം. ഒരിക്കല്‍ ഭക്ഷിച്ചാല്‍ പിന്നെ നിലത്തു നില്കില്ലത്രേ. ഇല്ലിപുട്ടിന്റെ രുചിയോര്‍ത്ത് കിടന്നുഞാന്‍ മയങ്ങിപോയി...
ഇല്ലിക്കാടുകള്‍ ഇനിയും പൂക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ വീണ്ടും എന്റെ ഗ്രാമത്തിലെക്കെത്തും, കാക്കകൂടിനെയും, തേനീച്ച കൂടുകളും ഇഴജന്തുക്കള്‍ക്കും ശല്യമാവാതെ ഇല്ലിമരക്കാടിനരികിലിരിക്കും, ഇല്ലിമരം പോലെ ഭലഭൂയിഷ്ടമായൊരു ജിവിതം തീര്‍ത്തിട്ട് മുത്തശ്ശി പോയ്മറഞ്ഞെങ്കിലും, ഒരു നനുത്ത കാറ്റിന്റെ തലോടലായ് മുത്തശ്ശിയെനിക്കെന്റെ ബാല്യകാലംതരും ഒപ്പം ഇല്ലിപുട്ടിന്റെ പ്രതീഷകളും. ത്രിസന്ധ്യയില്‍ ഇല്ലികൂട്ടില്‍ ചേക്കേറുന്ന കാക്കകളിലോന്നും മുത്തശ്ശിയുടെ ആത്മാവായിരിക്കരുതെയെന്ന പ്രാര്‍ത്ഥനയുള്ളിലുയരും. ഒരിക്കല്‍ ഞാനും ഇല്ലിമരംപോലെ കരിഞ്ഞുണങ്ങും, അത് വസന്തങ്ങള്‍ വിരിയിച്ചിട്ടു അണ്ണാറകണ്ണനും, ചൂളപ്രാവുകള്‍ക്കും മനംനിറയെ നല്കിയതുപോലെ, നിലത്തു നില്ക്കാത്തത്ര സ്നേഹം പകുത്തുനല്കി ഏരിഞ്ഞടങ്ങണം. ഇല്ലിപുട്ടിന്റെ മാസ്മരികരുചിയറിയാനായി നമുക്കുവേണ്ടി ഇല്ലികള്‍പൂക്കുന്ന കാലംവരും ശിഷ്ടകാലത്തിലെങ്കിലും..
Thursday, April 7, 2011
ചുംബനങ്ങള്‍ക്കു രുചിപകരുന്ന ഉമിക്കരി

ഓര്‍മ്മയുണ്ടോ ഈ സാധനം,
പ്രകൃതിയുടെ വരദാനം
കേരളത്തിന്റെ ദേശിയ ദന്തചൂര്‍ണ്ണം
പല്ലുകളുടെ സംരക്ഷണത്തിനുത്തമം
നഷ്ടമായ ആത്മവിശ്വാസം വീണ്ടെടുക്കു
ഉമിക്കരി ആസ്വദിക്കു
പുഞ്ചിരിയുതിര്ക്കു ഹൃദയത്തില്‍നിന്നും
ചുംബനങ്ങള്‍ക്ക് രുചിപകരു
പാരമ്പര്യ മൂല്യങ്ങളിലെക്കൊരു തിരിച്ചുപോക്ക്
തലമുറകളുടെ വിശ്വാസമാര്‍ജിച്ചത്
അനിര്‍വചനീയമായ രുചി
പുതിയ ചാക്കില്‍...
ഠിം..ടിടിം..
Wednesday, April 6, 2011
എന്താണ് നിങ്ങളുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെ..?
വിദേശത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഞാന്‍ ഒരു ചോദ്യത്തിനു മുന്പില് പകച്ചു നില്‍ക്കുകയാണ്....
എന്താ നിങ്ങളുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെ..?
ആദ്യമായി ചോദിച്ചത് ഒരു ഇറാനിയായിരുന്നു, ഉത്തരമായി ഞാന്‍ വെറുതെ ചിരിച്ചു, എനിക്ക് അറിയില്ലായിരുന്നു
പിന്നെ ഒരു ഫിലിപ്പിനോ ചോദിച്ചു, അപ്പൊ ഒരു കൌതുകം, എന്താ ഇങ്ങനെ..!
ഒരു ജെര്‍മനും ചോദിച്ചു ഇതുതന്നെ, കുഴപ്പിക്കുന്ന ചോദ്യം, പിന്നെ ഒരു പാക്കിസ്ഥാനിയും കൂടി ചോദിച്ചപ്പോ വിഷമിച്ചുപോയത്, ആഫ്രിക്കന്‍ ചോദിച്ചപ്പോളാണ് സങ്കടം വന്നത്...
എന്താണ് നിങ്ങളുടെ നാട്ടിലെ ആളുകള്‍ ഇങ്ങനെ, ചിലര്‍ കറുപ്പ്, ചിലര്‍ വെളുപ്പ്, മറ്റുചിലര്‍ കറുപ്പും വെളുപ്പുമല്ലാത്തവര് ...? അവരുടെ നാട്ടിലൊക്കെ ഒരു നിറമേയുള്ളൂ എന്ന്...!
നമ്മുടെ പാരമ്പര്യത്തിന് നേരെ ഒരു വെല്ലുവിളിയല്ലേ ഈ ചോദ്യം., സിന്ധുനദിതടസംസ്കാരം പഠിച്ചതൊക്കെ കട്ടപൊക, അല്ലേല്‍തന്നെ അവര്‍ക്കെന്തു സിന്ധുനദിതടം. ഡിക്ഷണറി തപ്പിനോക്കി, ഇന്ത്യ എന്ന വാക്കിനര്‍ത്ഥം,
വെറുതെയല്ല പണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബുഷ്, വളര്‍ത്തു പൂച്ചക്ക് ഇന്ത്യ എന്നിട്ടത്, കറുപ്പ് എന്നൊരര്‍ത്ഥം കൂടിയുണ്ട് ഇന്ത്യക്ക്. എന്നാലും എങ്ങനെ നാട്ടുകാര്‍ ഈ വിധം മള്‍ട്ടികളര്‍...
ഞാനൊരുത്തരം ശരിയാക്കി വീശി. അത് ഏറ്റമട്ട, ഞാന്‍ ആരാമോന്‍...
നിങ്ങളുടെയൊക്കെ നാട്ടില്‍ ഒരു സമയം ഒരു കാലാവസ്ഥയല്ലേ ഉള്ളത്, എന്റെ നാട്ടിലാണ് ഏഴ് നിറങ്ങളുള്ള മഴവില്ല് ഏറ്റവും കൂടുതല്‍ വിരിയുന്നത്, എന്റെ രാജ്യത്തു, കേരളത്തില്‍ മഴയാണ് എങ്കില്‍, ബോംബയില്‍ വെയിലും, ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞും കാശ്മീരില്‍ മഞ്ഞുവീഴ്ചയും ആയിരിക്കും, അങ്ങനെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണു എന്റെ രാജ്യം, അവിടെ ആയിരത്തിലധികം ദൈവങ്ങളും, അഞ്ഞൂറില്പരം ഭാഷകളും ഉണ്ട്. അതിനാലാണ് ഞങ്ങള്‍ക്ക് നിറഭേദങ്ങള്‍...
ഞാന്‍ മഹത്തായ രാജ്യത്തുനിന്നും വന്ന മഹാനാണ് എന്ന് കരുതിയിട്ടാണോ, അവര്‍ പിന്നെ ഒന്നും ചോദിച്ചില്ലാ, മണ്ടന്മമാര്, സംസ്ഥാനങ്ങള്‍ തമ്മില്‍ ഇത്ര ദൂരമുണ്ട് എന്നതുപോട്ടെ, എന്റെ നാട്ടിലെ അപ്പുറത്ത് താമസിക്കുന്ന ചന്ദ്രന്ചേട്ടന് എന്താണാവോ കറുത്തിരിക്കുന്നത് , വടക്കേലെ സുബൈദക്ക് റോസപൂവിന്റെ നിറമാണല്ലോ, പാലമറ്റത്തെ തോമസ് ഇരുനിറം, സുകുമാരന്‍ മാഷ് വെളുത്തു സുമുഖനായത്. ?
ആരെങ്കിലും പറയുമോ..? എന്താണ് നമ്മുടെ നാട്ടുകാര്‍ മള്‍ട്ടി കളറില്‍, എന്താണെന്നറിയാനാ......
Sunday, April 3, 2011
മധുരസ്മരണകള് വിരിയിക്കുന്ന ആറ്റക്കിളികൂട് വില്പനയ്ക്ക്.

കൂടിന്റെ വിശേഷണങ്ങള്‍
നീളം: 350 CM
പഴക്കം: 2 വര്‍ഷം
ഉല്പാതകര്: കേരള.
ഒരു ധനുമാസക്കാറ്റില്‍ തെങ്ങോലയില്‍നിന്നും അടര്‍ന്നു വീണതാവം ഈ കൂട്, അച്ഛന് പാടത്തുപോയിവന്നപ്പോള് കൊണ്ടുവന്നു തന്നതാണ് മനംമയക്കുന്ന ഈ ആറ്റക്കിളിക്കൂട്. ഇളംകാറ്റില്‍ തെങ്ങോലകളില്‍ ആടിക്കളിക്കുന്ന കൂട് ദൂരെ നിന്നുമാത്രമേ നോക്കികണ്ടിരുന്നുള്ളൂ, അത് കൈവന്നപ്പോളുള്ള സന്തോഷം ഞാന്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. ഒരിക്കല്‍ ഒരു കിളിവന്നു ഈ കൂട്ടില്‍ ചേക്കേറും, മുട്ടയിടും, അടയിരിക്കും, കുഞ്ഞുങ്ങള്വിരിയും എന്ന്മോഹിച്ച് ഉമ്മറകോലായുടെ ഒരുകോണില്‍ കൂട് തൂക്കിയിട്ടു. വെളുപ്പിനുകണ്ട സ്വപ്നം ഭലിക്കുമെന്നു അമ്മ പറഞ്ഞതോര്മ്മയുള്ളതിനാല്, സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടില്‍ എത്തിനോക്കും, സ്വപ്നംപോലെ കിളിവന്നു മുട്ടയിട്ടുകാണുമോ ? രാത്രി ഉറങ്ങുന്നതിനുമുന്പ് അച്ഛന് കാണാതെ ഒന്നൂടെ നോക്കും ഒരുപക്ഷെ ഒരുകിളി ചേക്കേറിയാലോ....
പാടത്തെ പണിക്കാരന് തേവന്, അന്ന് കഞ്ഞികുടിക്കാന്‍ വീട്ടില്‍ വന്നപ്പോള്‍കണ്ടു ഉമ്മറത്തെ കിളിക്കുട്, ആറ്റക്കിളി കൂടിനെ കുറിച്ച് ആനവധി കഥകളും, വിശേഷങ്ങളും തേവന് പറഞ്ഞുതന്നു ഒപ്പം തെങ്ങിന് തോപ്പില്തുടങ്ങിയ തേവന്റെ പ്രേമവും, ഓലമടല്പെറുക്കാന് വന്ന ചിരുതയെ കണ്ടതും, മടലുകള്ക്കൊപ്പം ആറ്റക്കിളികൂട് സമ്മാനമായിനല്കിയതും ഒരു നാടന്‍ പാട്ടിന്റെ താളത്തില്‍ പങ്കുവച്ചു. അന്നെന്റെ രാത്രിയില്‍ തേവന്റെയും ചിരുതയുടെയും പ്രണയചിന്തകളായിരുന്നു.....
സ്വാതിയുടെ വിവാഹക്ഷണത്തിനാണ് വേണുമ്മാവന് വീട്ടില്‍വന്നത്, കോലായിലെ കിളികൂട്കണ്ടു വിവരിച്ചു ഒരു ചെറുകഥ, മൃദുല അമ്മായിയെ തോട്ടുവരമ്പില്കണ്ടതും, കാറ്റില്‍വീണ ആറ്റക്കിളി കൂട്ടിലെ കുട്ടികളെ കൌതുകപൂര്‍വ്വം നോക്കിനിന്നതും, പിന്നീട് അതിനെ മൃദുലമ്മായിയുടെ വീടിലെ മുല്ലവള്ളികളില്‍ കെട്ടിയിട്ടതും, എന്നും കിളികുഞ്ഞുങ്ങളെ കാണാന്‍പോയി ഇഷ്ടത്തിലായതും, കല്യാണം കഴിഞ്ഞതും മൊക്കെ, രസകരമായ ആ കഥയായിരുന്നു അന്നുരത്രിയെന്റെ ചിന്തയില്‍ മുഴുവന്‍
വീട്ടില്വന്നവരും, വിരുന്നുവന്നവരും വിളമ്പിയ കഥയിയില്‍ ഞാന്‍ നിറമാര്‍ന്ന സ്വപ്നങ്ങള്‍ നെയ്തു. എന്നെങ്കിലും ഒരുകിളി കൂട്ടില്‍ ചേക്കേറണമെന്ന പ്രാര്‍ത്ഥനപോലെ, എനിക്കും ഒരു പ്രണയംവിരിയുംമെന്ന പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചു.
ഇനി എനിക്കീകൂട് വേണ്ട. ഗ്രഹാതുരത്വം വിരിയിക്കുന്ന ഈകൂട് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ്, കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, പ്രണയംകൊതിക്കുന്നവര്ക്ക്, ആദ്യമായിവരുന്ന ഒരാള്‍ക്ക് ഈ മനോഹരമായ പ്രണയക്കൂടു വെറുതെ നല്‍കുന്നതാണ്.
കഥകള്‍ കേട്ട് കേട്ട് ഞാന്‍ പ്ലുസ്സ് ടുവിനു തോറ്റു...!
Subscribe to:
Posts (Atom)